പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ നവാഗതരെ സ്വീകരിക്കുന്ന പ്രവേശന ഉത്സവവും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും പ്രൗഢഗംഭീരമായി നടന്നു. പിടിഎ പ്രസിഡന്റ് ശ്രീമതി നയന ഷമീറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി അനീഷ് ജ്യോതി ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കരൂർ വാർഡ് മെമ്പർ ശ്രീമതി ശാലിനി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന തല പ്രവേശന ഉത്സവ ഗാനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശവും ചടങ്ങിൽ അവതരിപ്പിച്ചു.​

ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് പ്രശസ്തമായ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് കരസ്ഥമാക്കിയ ലക്ഷ്മിവിലാസം ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ശ്രീമതി മഞ്ജു മോൾക്ക് ചടങ്ങിൽ വെച്ച് പ്രത്യേക ആദരവ് നൽകി. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ വാവറഅമ്പലം അജി, സ്കൂൾ മാനേജർ ശ്രീമതി രമ ടീച്ചർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അനീഷ് സർ, മാനേജ്മെന്റ് പ്രതിനിധി ശ്രീ പ്രവീൺ സർ, മദർ പിടിഎ പ്രതിനിധി സുനിത റഫീഖ് എന്നിവർക്ക് പുറമെ പിടിഎ അംഗങ്ങളായ ഷംനാദ്, അനഫി, ശാന്തിലാൽ, റസിയ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​

സി ഡി കിഡ്സ് സ്കോളർഷിപ്പ് യുപി വിഭാഗത്തിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളായ ആബിയ, അൻഷാദ്, രചന എം ആർ, ദേവനാരായണൻ എസ് എസ്, അഭിരാമി എസ്, സാത്വിക് സന്തോഷ്, അദിതി പി, ഗീതിക എ എം, മുഹമ്മദ് നിഹാൽ എം എസ്, തീർത്ഥ എം സിജു, ചിന്മയി ജെ എൻ, അവനിക എം എസ്, മുഹമ്മദ് ഫർഹാൻ എസ്, ടിഷ തങ്കരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.​

തുടർന്ന് സ്കൂളിലെ നവാഗതരായ മെഹനിൻ അവതരിപ്പിച്ച നൃത്തവും, സഞ്ജയിന്റെ ചെണ്ടവായനയും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. കലോത്സവ വേദികളിലെ തിളങ്ങുന്ന താരമായ ആരതി കൃഷ്ണ അവതരിപ്പിച്ച കഥാപ്രസംഗവും ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം പായസ വിതരണവും നടത്തിയിരുന്നു. സ്റ്റാഫ് സെക്രട്ടറി ഷീജ എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.