മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നോട്ടീസ് സമർപ്പിച്ചു. കോൺഗ്രസിൽ നിന്നുള്ള 27 പേർ ഉൾപ്പെടെ വിവിധ പ്രതിപക്ഷ കക്ഷികളിലെ 73 എംപിമാരാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നീക്കം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഗ്യാനേഷ് കുമാർ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റമില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. രാജ്യസഭയിൽ ഈ നീക്കത്തിന് ഇരുനൂറിലധികം എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാണ് ഐക്യ പ്രതിപക്ഷം നിലവിൽ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 324(5), ആർട്ടിക്കിൾ 124(4) എന്നിവയ്‌ക്കൊപ്പം 2023-ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമത്തിലെ സെക്ഷൻ 11(2), 1968-ലെ ജഡ്ജിമാരുടെ അന്വേഷണ നിയമം എന്നിവ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിൽ മുഖ്യ കമ്മീഷണർ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന പരാതി. വരും ദിവസങ്ങളിൽ സഭയ്ക്കുള്ളിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
