ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നിന്ന് പിന്മാറി കോക്ക് റോച്ച് ജനത പാർട്ടി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതായി സൂചന നൽകി കോക്ക് റോച്ച് ജനത പാർട്ടി (CJP). വരാനിരിക്കുന്ന ഉത്സവകാലം സമരരംഗത്തുള്ളവർ തങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.​

ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യം നിഷേധിക്കപ്പെട്ടതും, സി.ജെ.പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധങ്ങളിൽ നിന്നുള്ള താൽക്കാലിക പിന്മാറ്റ സൂചന.​

കൂടാതെ, ഒരു വർഷത്തേക്ക് പൊതുസമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തനത്തിലും ഇടപെടാൻ പാടില്ലെന്ന ‘പീസ് ബോണ്ട്’ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അഭിജീത് ദീപ്കെയെ ജാമ്യത്തിൽ വിട്ടയച്ചത്. ഈ നിയമപരമായ നിബന്ധനയും പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.