ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടോളം രാജ്യത്തിന്റെ ആത്മാവ് പകർത്തിയ പ്രതിഭ

ദില്ലി: വിശ്വപ്രസിദ്ധ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു. ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിൻ്റെ വിയോഗവാർത്ത കുടുംബാംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാല് മണിക്ക് ദില്ലിയിലെ ലോധി മൈതാനത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.​

ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രഘു റായ്, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ ഔദ്യോഗിക ജീവിതത്തിലൂടെ രാജ്യത്തിൻ്റെ ആത്മാവ് ക്യാമറയിൽ പകർത്തിയ പ്രതിഭയാണ്. 1942-ൽ ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഝാങ് ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. ഭോപ്പാൽ വാതക ദുരന്തത്തിൻ്റെ ഭീകരത ലോകത്തിന് മുന്നിലെത്തിച്ചത് രഘു റായിയുടെ വിഖ്യാതമായ ചിത്രങ്ങളായിരുന്നു. ലോകപ്രശസ്തമായ ‘മാഗ്നം ഫോട്ടോസിൽ’ അംഗമാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്.​

സിവിൽ എഞ്ചിനീയറായിരുന്ന അദ്ദേഹം തന്റെ സഹോദരനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ എസ്. പോളിൻ്റെ സ്വാധീനത്തിലാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. 1965-ൽ ‘ദി സ്റ്റേറ്റ്‌സ്‌മാൻ’ പത്രത്തിൽ ചീഫ് ഫോട്ടോഗ്രാഫറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, പിന്നീട് ‘സൺഡേ’, ‘ഇന്ത്യ ടുഡേ’ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചു. ഇന്ദിരാഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയ മഹദ്‌വ്യക്തികളുടെ ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങൾ അദ്ദേഹം ക്യാമറയിലൂടെ അനശ്വരമാക്കി.​അൻപതിലധികം ഫോട്ടോ ബുക്കുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള രഘു റായിയെ 1972-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1992-ൽ അമേരിക്കയിലെ ‘ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ പുരസ്കാരം ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.