കോട്ടയം: പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ അവകാശ സംരക്ഷകനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. കഴിഞ്ഞ വർഷമുണ്ടായ കാർ അപകടത്തെത്തുടർന്ന് പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശങ്ങൾക്കും റോഡ് സുരക്ഷയ്ക്കും വേണ്ടി നിരന്തരം പോരാടിയ അദ്ദേഹം, സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയുടെ സ്ഥാപകനാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും മാധ്യമ ചർച്ചകളിലും സജീവ സാന്നിധ്യമായിരുന്നു.
കേരള കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.സിയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് പ്രവേശിച്ചത്. 1982-ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായും തുടർന്ന് കെ.എസ്.സി, യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. 1998-ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം, പിന്നീട് ഉപഭോക്തൃ അവകാശങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ചു. ഗതാഗതം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ കൺസ്യൂമർ ഫോറങ്ങളുടെ മുൻനിര പോരാളിയായാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്. കേരള സർവകലാശാല പ്ലാനിങ് വിഭാഗം മേധാവി മിനി കാപ്പനാണ് ഭാര്യ.
