ദില്ലി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയരുന്നത്. എന്നാൽ സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.
പുതുക്കിയ വില നിലവാരമനുസരിച്ച് കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3085 രൂപയായി. തിരുവനന്തപുരത്ത് ഇത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമാണ്. മറ്റ് പ്രധാന നഗരങ്ങളായ ഡൽഹിയിൽ 3071.50 രൂപയായും മുംബൈയിൽ 3024 രൂപയായും നിരക്ക് ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുന്നതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.
തുടർച്ചയായുണ്ടാകുന്ന ഈ വർധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയെ പ്രതിസന്ധിയിലാക്കും. പ്രവർത്തനച്ചെലവ് കൂടുന്നതോടെ വിപണിയിൽ പൊതുവായ വിലക്കയറ്റത്തിന് ഇത് വഴിവെച്ചേക്കാം. നിലവിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലെങ്കിലും പ്രീമിയം പെട്രോൾ, വിമാന ഇന്ധനം എന്നിവയുടെ വില വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
