പോത്തൻകോട്: ശ്രീനാരായണ ഗുരുദേവന്റെ ഉദാത്തമായ ആശയങ്ങളും ആദർശങ്ങളും സമൂഹത്തിൽ കൂടുതൽ ശക്തമായി പകർന്നു നൽകേണ്ടതുണ്ടെന്നും, സാമൂഹിക ഉയർച്ചയ്ക്ക് ആവശ്യമായ മൂല്യങ്ങൾ വളർന്നുവരുന്ന തലമുറയ്ക്ക് കൈമാറാൻ മികച്ച വേദിയാണ് ശ്രീനാരായണ വിശ്വവേദിയെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ വച്ച് നടന്ന ശ്രീനാരായണ വിശ്വവേദിയുടെ എട്ടാം വാർഷിക ആഘോഷവും അവാർഡ് ദാനച്ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത വേർതിരിവുകൾ ഇല്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തൊരുമയോടെ ജീവിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന മാനവികതയുടെ കേന്ദ്രങ്ങളാണ്. ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന ഗുരുദേവന്റെ സന്ദേശം ഇന്നും അതേ പ്രസക്തിയോടെ നിലനിർത്തുന്നത് നമ്മുടെ വിദ്യാഭ്യാസ രീതിയാണെന്നും, മഹത്തായ ഈ ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചടങ്ങിൽ കർണാടക ശ്രീനാരായണ ഗുരുമഠം സെക്രട്ടറി ജ്ഞാനതീർത്ഥ സ്വാമികൾ, പാളയം സെന്റ് ജോസഫ് ഇടവക വികാരി ഫാദർ മോൺ വിൽഫ്രഡ് എമിലിയാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ വിശ്വവേദി പ്രസിഡണ്ട് കാട്ടായിക്കോണം പേരേലാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചാത്തന്നൂർ മഹേശ്വരൻ, ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ യുവസഭ ചെയർമാൻ രാജേഷ് സഹദേവൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം
എം പ്രവീൺ, പി.ടി.എ പ്രസിഡന്റും ബ്ലോക്ക് മെമ്പറുമായ നയനാ ഷമീർ, ആൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ എസ്. അനസ്, എസ്.ഇ.യു സംസ്ഥാന ട്രഷറർ പോത്തൻകോട് റാഫി, ഡെപ്യൂട്ടി എച്ച്.എം അനീഷ് ആർ.ഐ, ജെ.എസ്.എസ് സംസ്ഥാന കമ്മറ്റി അംഗം വാവറഅമ്പലം അജി എന്നിവർ ആശംസകൾ അർപ്പിച്ചു.

പുരസ്കാര സമർപ്പണം ഡോക്ടർ ഷാജി പ്രഭാകരന് ‘വൈദ്യരത്നം അവാർഡും’, കെ. സുദർശനന് ‘മലയാള ശ്രീ അവാർഡും’, ഡോക്ടർ ബി. ഗോവിന്ദന് ‘സുവർണ്ണ ജ്യോതി അവാർഡും’ ചടങ്ങിൽ സമ്മാനിച്ചു. വൈജ്ഞാനിക സാഹിത്യകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ, ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സമിതി അംഗം പ്രൊഫസർ കെ. സുശീല, ജനയുഗം ലേഖകൻ ബി.എസ്. ഇന്ദ്രൻ, ആരോ പൈപ്പ്സ് സി.ഇ.ഒ അനിൽകുമാർ എസ്, ലക്ഷ്മീവിലാസം ഹൈസ്കൂൾ മാനേജ്മെന്റ് പ്രതിനിധി പ്രവീൺ പി, ഗ്യാലക്സി ടൈൽസ് മാനേജിങ് പാർട്ട്ണർ ഷമീം ബി, ഡി.ആർ.എസ് കിഡ്സ് പബ്ലിക് സ്കൂൾ മാനേജർ ബി. ആനന്ദ് എന്നിവർ ഗുരുദർശൻ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള ‘വിദ്യാ ജ്യോതി അവാർഡ്’ ലക്ഷ്മി വിലാസം ഹൈസ്കൂളിന് ചടങ്ങിൽ സമ്മാനിച്ചു.
