തിരുവനന്തപുരം: കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. കിഫ്ബിയുടെ പ്രവർത്തന ഘടന പൂർണ്ണമായി പുനഃപരിശോധിക്കാനും ഇവിടെ നടന്നിട്ടുള്ള നിയമനങ്ങളിൽ സമഗ്രമായ പരിശോധന നടത്താനുമാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കും. നിലവിൽ കിഫ്ബി നേരിട്ട് നിയമിച്ച 400 ഓളം കരാർ ജീവനക്കാരുണ്ട്. ഇതിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന 50 ലധികം പേരാണുള്ളത്. കൂടാതെ ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ 180 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രം നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കാനാണ് നീക്കം.
ചില ജീവനക്കാർക്ക് കിഫ്ബിയിൽ നിന്നും ഉപകമ്പനിയായ കിഫ്കോണിൽ നിന്നും ഇരട്ട ശമ്പളം ലഭിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ, ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും സർക്കാർ പരിശോധിക്കും. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ഉയർന്ന തസ്തികകളിലേക്ക് ഇനിമുതൽ സർക്കാർ സർവ്വീസിലുള്ള യോഗ്യരായ ഉദ്യോഗസ്ഥരെ പരിഗണിക്കും. കിഫ്ബി എന്ന സംവിധാനം പൂർണ്ണമായി നിർത്തില്ലെങ്കിലും, കഴിഞ്ഞ പത്തു വർഷം പ്രവർത്തിച്ചതുപോലെ ഇനി സ്വതന്ത്രമായി വിടില്ലെന്ന നിലപാടിലാണ് സർക്കാർ. കിഫ്ബിയെ പൂർണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും, എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിഞ്ഞുമാത്രം കൈക്കൊള്ളുന്ന രീതിയിലേക്ക് മാറ്റാനുമാണ് ആലോചന. കിഫ്ബിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെയും നിയോഗിക്കും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേക്ക് കിഫ്ബിയുടെ ധനസമാഹരണം മാറുന്നതിനോട് യുഡിഎഫ് സർക്കാരിന് യോജിപ്പില്ല. കിഫ്ബിയുടെ കടം സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻപ് കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. ഈ സാഹചര്യത്തിൽ, ഇനിമുതൽ വരുമാനമുണ്ടാക്കുന്ന പദ്ധതികൾ മാത്രം കിഫ്ബി വഴി നടപ്പാക്കുക എന്നതിലേക്കാണ് സർക്കാർ ചിന്തിക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ 16,600 കോടി രൂപയാണ് കിഫ്ബി കടം തിരിച്ചടയ്ക്കാനുള്ളത്. മോട്ടോർ വാഹന നികുതി വിഹിതമായി മൂവായിരം കോടിയിലധികം രൂപയാണ് സർക്കാർ കിഫ്ബിക്ക് നൽകിയിട്ടുള്ളത്.
അതേസമയം, കിഫ്ബിയുടെ ഫണ്ട് വകമാറ്റി പിണറായി സർക്കാരിന്റെ പരസ്യങ്ങൾക്കായി ഉപയോഗിച്ചതിനെതിരെ യുഡിഎഫ് നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ, കിഫ്ബിയിൽ നടന്നിട്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളിലും സമഗ്രമായ പരിശോധന വേണമെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ് മുന്നണി.
