വീണ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു: കൊല്ലം ചിതറയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു

കൊല്ലം: ചിതറ ചല്ലിമുക്കിൽ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് റോഡിലെ വെള്ളക്കെട്ടിൽപ്പെട്ട് നിയന്ത്രണം വിട്ട ഇവരുടെ ഇന്നോവ ക്രിസ്റ്റ കാർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന വീണ ജോർജിനും കുടുംബാംഗങ്ങൾക്കും നിസ്സാര പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.​

പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജും കുടുംബവും. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുന്നതിന് മുൻപ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിലും ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും, ഇലക്ട്രിക് പോസ്റ്റ് പൂർണ്ണമായും മറിഞ്ഞുവീഴുകയും ചെയ്തു. മുൻ മന്ത്രിയും കുടുംബവും സഞ്ചരിച്ച കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.​

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടത്തിന് പിന്നാലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വീണ ജോർജും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. കനത്ത മഴയിൽ റോഡിൽ വെള്ളം കയറിയതാണ് കാർ തെന്നിമാറാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.