വനിതാ സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്താൻ ശുപാർശ

ദില്ലി: ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായകമായ ഭേദഗതി ബില്ലുകൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാളാണ് ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് വയ്ക്കുന്നത്. വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനർനിർണ്ണയ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് പ്രധാന ബില്ലുകളാണ് സർക്കാർ കൊണ്ടുവരുന്നത്. എന്നാൽ, ഈ മൂന്ന് ബില്ലുകളെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തീരുമാനം.​

വനിതാ സംവരണത്തോടല്ല, മറിച്ച് അതിനോടൊപ്പം കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയത്തോടാണ് തങ്ങളുടെ വിയോജിപ്പെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതി ആയതിനാൽ ബില്ല് പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണ്. പ്രതിപക്ഷം ഒന്നടങ്കം എതിർക്കുന്ന സാഹചര്യത്തിൽ ബില്ല് പരാജയപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.​

വിഷയത്തിൽ വിശദമായ ചർച്ചയ്ക്കാണ് പാർലമെന്റ് വേദിയാകുന്നത്. ലോക്‌സഭയിൽ 18 മണിക്കൂറും രാജ്യസഭയിൽ 16 മണിക്കൂറും ചർച്ചകൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ചർച്ചയുടെ ആദ്യദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.