വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി സ്വദേശിയായ ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്.​

ദിലീപിന്റെ കയ്യിൽ ഒന്നിലധികം ഗുണ്ടുകളുണ്ടായിരുന്നുവെന്നും അതിലൊന്നിൽ നിന്ന് മറ്റുള്ളവയിലേക്ക് തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൽ ദിലീപിന് അതീവ ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടം നടന്നയുടൻ തന്നെ ദിലീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കേറ്ററിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു മരിച്ച ദിലീപ്.