സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനമായി. മരുന്നുകൾ ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്നതിനെത്തുടർന്ന് ആരോഗ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നീക്കം.​

അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും ഈ സമിതികൾ പ്രവർത്തിക്കുന്നത്. ആശുപത്രികളിലെ ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് നേരിട്ട് പരിശോധിക്കുക, മരുന്ന് ക്ഷാമവും വിതരണത്തിലെ പുരോഗതിയും വിലയിരുത്തുക, ആശുപത്രികളിൽ തടസ്സമില്ലാതെ മരുന്ന ലഭ്യമാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. കൂടാതെ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) വഴിയുള്ള മരുന്ന് വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങളും പ്രശ്നങ്ങളും കണ്ടെത്തി ഉടൻ പരിഹരിക്കാനും സമിതിക്ക് നിർദേശമുണ്ട്.