ന്യൂഡൽഹി: ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസിൽ വീണ്ടും വർദ്ധനവ് വരുത്തി. ഓരോ ഓർഡറിനും 2.40 രൂപയാണ് അധികമായി വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ജിഎസ്ടി (GST) പുറമെയുള്ള പ്ലാറ്റ്ഫോം ഫീസ് 12.50 രൂപയിൽ നിന്ന് 14.90 രൂപയായി ഉയർന്നു. 2025 സെപ്റ്റംബറിലായിരുന്നു ഇതിന് മുൻപ് കമ്പനി നിരക്ക് വർദ്ധിപ്പിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ നിരക്ക് വർദ്ധനവാണിത്.
സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും സമാനമായ നിരക്കുകളാണ് നിലവിൽ ഈടാക്കുന്നത്. നികുതികൾ ഉൾപ്പെടെ ഒരു ഓർഡറിന് 14.99 രൂപയാണ് സ്വിഗ്ഗിയുടെ പ്ലാറ്റ്ഫോം ഫീസ്. സാധാരണയായി ഇത്തരം സേവന നിരക്കുകളുടെ കാര്യത്തിൽ ഇരു കമ്പനികളും ഒരേ വിലനിർണ്ണയ രീതിയാണ് പിന്തുടരാറുള്ളത്. ഭക്ഷണത്തിന്റെ വിലയ്ക്കും ഡെലിവറി ചാർജിനും പുറമെ ഈടാക്കുന്ന ഈ അധിക തുക ഉപയോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
