ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പാ നദിയിലും പരിസര പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭരണകൂടം. പമ്പയിൽ സ്നാനം ചെയ്ത ശേഷം വസ്ത്രങ്ങൾ നദിയിലോ തീരത്തോ ഉപേക്ഷിക്കുന്നവർക്ക് 5,000 രൂപ വരെ പിഴ ചുമത്താൻ ശബരിമല എഡിഎം ഉത്തരവിറക്കി. പമ്പയാറിലെ മാലിന്യപ്രശ്നം പരിഹരിച്ച് നദിയുടെ പരിശുദ്ധിയും പരിസ്ഥിതിയുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പിഴ ഈടാക്കുന്നതിനുള്ള ചുമതല ഡ്യൂട്ടി മജിസ്ട്രേറ്റുമാർക്കും റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് നൽകിയിരിക്കുന്നത്. ശബരിമല തീർത്ഥാടന കാലത്ത് പമ്പയിൽ വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് നദിയെ ഗുരുതരമായി മലിനമാക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. പുണ്യനദിയായ പമ്പയുടെ ശുചിത്വം സംരക്ഷിക്കുന്നതിനായി എല്ലാ അയ്യപ്പഭക്തരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മാലിന്യങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും അധികൃതർ നിർദേശിച്ചു.
പമ്പയാറിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ പിഴ; ശബരിമല തീർത്ഥാടനത്തിന് കർശന നിയന്ത്രണം
