പ്ലാച്ചിമടയുടെ ഐക്യദാർഢ്യം സതീശന്; തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക സമരസമിതി നൽകും

കൊച്ചി: പറവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന വി.ഡി. സതീശന് പ്ലാച്ചിമട സമരസമിതി തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകും. പ്ലാച്ചിമടയിലെ ജനകീയ സമരങ്ങൾക്ക് അദ്ദേഹം നൽകി വരുന്ന നിരന്തരമായ പിന്തുണ കണക്കിലെടുത്താണ് ഈ തീരുമാനം. സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, ശക്തിവേൽ എന്നിവർ നാളെ (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് പറവൂർ രാജീവ് ഭവനിലെത്തി തുക കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജനകീയ സമരസമിതികളുടെ ഈ പിന്തുണ പറവൂർ മണ്ഡലത്തിൽ സതീശന് വലിയ രാഷ്ട്രീയ കരുത്തേകും. ഇക്കുറി ഇടതുമുന്നണി സ്ഥാനാർത്ഥി ഇ.ടി. ടൈസൺ മാസ്റ്ററുമായാണ് സതീശന്റെ പ്രധാന പോരാട്ടം. സാധാരണക്കാരുടെയും സമരസമിതികളുടെയും പിന്തുണ വോട്ടാക്കി മാറ്റാൻ യുഡിഎഫ് ക്യാമ്പിന് ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.