കൊച്ചി: മലയാളത്തിന്റെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ഇന്നലെ രാത്രി 10.43നാണ് മരണം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വി. ഡി. സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും, അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് തന്റെ ആരോഗ്യനില കൂടുതൽ വഷളാക്കിയതുമായ കാര്യങ്ങളും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.
1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. കൊച്ചിന് കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചുകൊണ്ട്, കോമഡിലൂടെയും മിമിക്രിയിലൂടെയുമാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തിയത്. 1990 കളുടെ പകുതിയോടെ സിനിമാരംഗത്ത് എത്തിയെങ്കിലും, ഉറ്റസുഹൃത്തായ നാദിര്‍ഷ കൈപിടിച്ചു കയറ്റിയ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. തുടർന്ന് 2000 ത്തില്‍ പുറത്തിറങ്ങിയ ‘തെങ്കാശിപ്പട്ടണം’ സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. 2000ത്തോട് കൂടിയുള്ള അദ്ദേഹത്തിന്റെ കോമഡി കഥാപാത്രങ്ങൾ മലയാളിയെ ഏറെ ചിരിപ്പിച്ചു. മലയാള സിനിമയിലെ സലിം കുമാറിന്റെ തഗ് ഡയലോഗുകൾ ട്രോളുകളിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു.
മുന്നൂറിലേറെ സിനിമകളില്‍ നിറഞ്ഞാടിയ അദ്ദേഹം കോമഡി കഥാപാത്രത്തിന്റെ നിഴലിൽ നിന്ന് മാറി വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഭിനയത്തിന് പുറമെ കംപാര്‍ട്മെന്റ്, കറുത്ത ജൂതന്, ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിനെ തേടിയെത്തി. പിന്നീട് ‘ആദാമിന്റെ മകന് അബു’വിലൂടെ 2010-ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും, ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമയിലൂടെ 2013-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങൾ നേടിയാണ് മലയാളത്തിന്റെ ഈ അതുല്യ പ്രതിഭ വിടവാങ്ങുന്നത്.
