ദില്ലി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ നിയമപരമായി പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. മറ്റ് മതങ്ങളിലേക്ക് മാറുന്നതോടെ സംവരണം, മറ്റ് ആനുകൂല്യങ്ങൾ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള സംരക്ഷണം എന്നിവ വ്യക്തികൾക്ക് നഷ്ടമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരാൾ മതം മാറുന്നതോടെ അയാളുടെ ജനനം പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി ഇല്ലാതാകുമെന്ന് ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 1950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് ഇക്കാര്യം കൃത്യമായി വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ നേരത്തെയുള്ള വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.
ആന്ധ്ര സ്വദേശിയായ പാസ്റ്റർ ചിന്താട ആനന്ദ് നൽകിയ അപ്പീൽ തീർപ്പാക്കിക്കൊണ്ടാണ് ഈ ഉത്തരവ്. തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം നടപടി വേണമെന്നായിരുന്നു ആനന്ദിന്റെ ആവശ്യം. എന്നാൽ, ഇദ്ദേഹം ക്രിസ്തുമതത്തിലേക്ക് മാറിയതിനാൽ ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
