കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് രഞ്ജിത്തിന്റെ കാർ തടഞ്ഞാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും.
രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമാ ലൊക്കേഷനിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ പരാതി. ഡിജിപിക്കും മുൻ പ്രത്യേക അന്വേഷണ സംഘത്തിനും (SIT) പരാതി നൽകിയതിനെത്തുടർന്ന് എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് രേഖപ്പെടുത്തിയിരുന്നു.
കേസെടുത്തതും തുടർന്നുള്ള നടപടികളും അതീവ രഹസ്യമായാണ് പോലീസ് നീക്കിയത്. നടി നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് കടക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയ പരാതിയിൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ്. നേരത്തെയും സമാനമായ ആരോപണങ്ങൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ ഈ അറസ്റ്റ് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
