തമിഴ്നാട് ടിവികെ മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് നീക്കം

ചെന്നൈ: മന്ത്രിമാരുടെ പ്രവർത്തനവും വിവാദങ്ങളും വിലയിരുത്തി തമിഴ്നാട്ടിലെ ടിവികെ സർക്കാർ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. വിവാദങ്ങളിൽപ്പെട്ട ചില മന്ത്രിമാരെ ഒഴിവാക്കാനും പ്രകടനം മോശമെന്ന് വിലയിരുത്തുന്ന മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനുമാണ് നീക്കം.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ, ഭീഷണി ആരോപണങ്ങളിൽപ്പെട്ട സാമൂഹികക്ഷേമ മന്ത്രി കെ. ജഗദീശ്വരി, വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ നേരിട്ട ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ, കരാർ ക്രമക്കേട് ആരോപണം നേരിടുന്ന ഖനന മന്ത്രി ടി.കെ. പ്രഭു എന്നിവർ മന്ത്രിസഭയിൽ നിന്ന് പുറത്താകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.

പോക്സോ ആരോപണം നേരിടുന്ന കോൺഗ്രസ് മന്ത്രി പി. വിശ്വനാഥനും സ്ഥാനമൊഴിയേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, കോൺഗ്രസിൽ നിന്ന് ഒരു മന്ത്രിസ്ഥാനം തിരിച്ചെടുക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നതായി സൂചനയുണ്ട്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരായ എസ്. കമാലി, എസ്. കീർത്തന എന്നിവരുടെ വകുപ്പുകളിലും മാറ്റം ഉണ്ടായേക്കാം.

അണ്ണാഡിഎംകെയിൽ നിന്ന് രാജിവച്ച സി. വിജയഭാസ്കറും എം.ആർ. വിജയഭാസ്കറും മന്ത്രിസഭയിൽ ഇടം നേടിയേക്കുമെന്നാണ് റിപ്പോർട്ട്. നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നാണ് സൂചന.