തിരുവനന്തപുരം: സാധാരണക്കാർക്ക് വീണ്ടും കനത്ത പ്രഹരമേകി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. പുതിയ വർധനവോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസൽ വില 104.41 രൂപയായും ഉയർന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നാല് തവണകളായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധിപ്പിച്ചത്. മെയ് 15-ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടിയായിരുന്നു ഈ വിലക്കയറ്റത്തിന്റെ തുടക്കം. തൊട്ടുപിന്നാലെ മെയ് 19-ന് 90 പൈസ വീതവും, മെയ് 23-ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വീണ്ടും വർദ്ധിപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും ഒറ്റയടിക്ക് കൂട്ടിയത്.
തുടർച്ചയായ ഈ വിലവർധനവ് ജനജീവിതം ദുസ്സഹമാക്കുമ്പോഴും, സംസ്ഥാന സർക്കാർ തങ്ങളുടെ നികുതി വിഹിതം കുറച്ചുകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആശ്വാസം നൽകാൻ തയ്യാറാകുമോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമായി തുടരുകയാണ്.
