ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിന് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷാ തീയതി ഒരു ദിവസം കൂടി നീട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് ഇടപെട്ടതിനെത്തുടർന്നാണ് നാളെ അർദ്ധരാത്രി വരെ അപേക്ഷിക്കാനുള്ള സമയം നീട്ടിനൽകിയത്. അതേസമയം, വെബ്സൈറ്റിലെ സാങ്കേതിക പിഴവുകൾ നാളത്തെ നിശ്ചിത സമയത്തിനകം പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിലവിൽ ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ തുടർന്നുപോരുകയാണ്.
വെബ്സൈറ്റിലെ സാങ്കേതിക പിഴവുകളെക്കുറിച്ചും വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി ഐഐടി മദ്രാസിൽ നിന്നുള്ള വിദഗ്ധ സംഘത്തെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കൂടാതെ, വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിശോധനകൾ നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. ഫീസടച്ചിട്ടും ഒട്ടനവധി വിദ്യാർത്ഥികൾക്ക് ഇനിയും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നിലവിലെ പരീക്ഷാഫലം പൂർണ്ണമായി റദ്ദാക്കി, പഴയ രീതിയിൽ പുനർമൂല്യനിർണ്ണയം നടത്തി പുതിയ ഫലം പ്രഖ്യാപിക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാകുകയാണ്.
സാങ്കേതിക പിഴവുകൾ കാരണം ഫീസടയ്ക്കുന്നതിലും പണമിടപാടുകളിലും ഉണ്ടായ തടസ്സങ്ങൾ മാറ്റുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടിയന്തര ചർച്ച നടത്തി. പ്രശ്നം പരിഹരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകും.
