കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക്കും ചേർന്ന്, യാതൊരുവിധ സേവനങ്ങളും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL) നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി ഗുരുതര കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ട സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) അന്വേഷണ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കടുത്ത സാമ്പത്തിക നഷ്ടത്തിലായിരുന്ന എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് ഈ കരിമണൽ കമ്പനിയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ, 2017 ജനുവരി മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലാണ് ഈ പണമിടപാടുകൾ പ്രധാനമായും നടന്നത്. വീണയ്ക്ക് വ്യക്തിപരമായി പ്രതിമാസം അഞ്ച് ലക്ഷം രൂപയും, അവരുടെ കമ്പനിയായ എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും വീതമാണ് ലഭിച്ചിരുന്നത്. ഇത്തരത്തിൽ മാസം എട്ട് ലക്ഷം രൂപയെന്ന കണക്കിൽ പ്രതിവർഷം 96 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് ഒഴുക്കിയത്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 1.72 കോടി രൂപ വീണയ്ക്ക് നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഈ ഐടി റെയ്ഡിന് ശേഷവും വീണയുടെ അക്കൗണ്ടിലേക്ക് കരിമണൽ കമ്പനിയിൽ നിന്ന് വീണ്ടും പണം എത്തിയതായാണ് SFIO കണ്ടെത്തിയിരിക്കുന്നത്.
സിഎംആർഎൽ മാത്രമായിരുന്നു എക്സാലോജിക്കിന്റെ ഏക പ്രധാന ക്ലൈന്റും വരുമാനമാർഗവും. എക്സാലോജിക്കുമായുള്ള ഇടപാടുകൾ അവസാനിച്ച ശേഷം, സിഎംആർഎൽ യഥാർത്ഥ ഐടി സേവനങ്ങൾക്കായി ‘എറ്റിഎൻഎ ടെക്നോളജീസ്’ എന്ന മറ്റൊരു കമ്പനിയുമായി കരാറിലേർപ്പെട്ടിരുന്നു. എന്നാൽ, സിഎംആർഎല്ലിന് യഥാർത്ഥത്തിൽ ഐടി സേവനങ്ങൾ നൽകിയ എറ്റിഎൻഎ ടെക്നോളജീസിന് ലഭിച്ച തുകയേക്കാൾ 75 മടങ്ങ് അധികം തുകയാണ് ഒരു സേവനവും നൽകാതെ വീണ വിജയൻ കൈപ്പറ്റിയത്. എക്സാലോജിക്കിലെ ഐടി ഡെവലപർമാർക്ക് പോലും തങ്ങൾ കരിമണൽ കമ്പനിക്ക് എന്തെങ്കിലും സേവനം നൽകിയതായി അറിവില്ലായിരുന്നു.
SFIO-ക്ക് മുൻപാകെ ഹാജരായ വീണ വിജയന്, തങ്ങൾ സിഎംആർഎല്ലിന് ഐടി സേവനങ്ങൾ നൽകിയിരുന്നു എന്ന് തെളിയിക്കുന്ന ഒരൊറ്റ രേഖ പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിലെത്തിയത് എന്ന് വീണ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനും തെളിവുകളൊന്നുമില്ല. പണമിടപാടുകൾ ആവശ്യപ്പെട്ടുള്ള ആശയവിനിമയങ്ങൾക്കല്ലാതെ, ബിസിനസ്സ് സംബന്ധമായ ഒരൊറ്റ മെയിൽ സന്ദേശം പോലും ഇരു കമ്പനികൾക്കുമിടയിൽ നടന്നിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഇതിനുപുറമേ, 2015-ലും 2016-ലുമായി ശശിധരൻ കർത്തയുടെ ‘എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്’ എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. എന്നാൽ ഇതിൽ നാല് ലക്ഷം രൂപ മാത്രമാണ് വീണ തിരികെ നൽകിയത്. ഈ കണ്ടെത്തലുകളുടെയും കമ്പനികാര്യചട്ടം 447-ാം വകുപ്പ് പ്രകാരം SFIO ചുമത്തിയ ഗുരുതരമായ കുറ്റങ്ങളുടെയും അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഈ കേസിലേക്ക് അന്വേഷണവുമായി എത്തുന്നത്. യാതൊരുവിധ തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലാഞ്ഞിട്ടും, വീണ പണം കൈപ്പറ്റിയത് നൽകിയ സേവനങ്ങൾക്കാണെന്ന നിലപാടിൽ തന്നെയാണ് സിപിഎം ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
