കൊച്ചി: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപക പരിശോധന നടത്തുന്നു. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഒരേസമയം ഈ റെയ്ഡ് നടക്കുന്നത്. ഫെബ്രുവരി 7-ന് മലപ്പുറം തിരൂരങ്ങാടി ചെമ്മാട്ട് വെച്ച് ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.
മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. തിരൂരങ്ങാടിയിലെ ഒരു ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലുള്ള ഒരു വീടുമാണ് എൻഐഎ സംഘം പരിശോധിക്കുന്നത്. അന്ന് ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തുക്കൾ ലോറിയിൽ കടത്താൻ ശ്രമിച്ചത്. ഈ ലോറി ഹോളോബ്രിക്സ് കടയിലേക്ക് സാധനങ്ങൾ ഇറക്കാൻ വന്നതായിരുന്നു. പിടിക്കപ്പെട്ട സമയത്ത് ക്വാറി ആവശ്യങ്ങൾക്കായി എത്തിച്ചതാണ് ഇതെന്നാണ് അധികൃതരോട് പറഞ്ഞിരുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലും എൻഐഎ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനിയിലാണ് റെയ്ഡ് നടക്കുന്നത്. മുൻപ് കരിങ്കൽ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീട്ടിലും അദ്ദേഹത്തിന്റെ ക്വാറിയിലുമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. മലപ്പുറത്ത് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ഈ ക്വാറിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.
