തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളിലും ധനസമാഹരണ രീതികളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കിഫ്‌ബിയെ സ്വന്തം നിയന്ത്രണത്തിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടർ ബോർഡ് നിലവിലുണ്ടെങ്കിലും, കഴിഞ്ഞ പത്തു വർഷത്തെപ്പോലെ കിഫ്ബിയെ ഇനി സ്വതന്ത്രമായി വിടേണ്ടതില്ലെന്നാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനം. കിഫ്ബിയുടെ മേൽ ധനവകുപ്പിന്റെ കർശന നിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ പ്രവർത്തന ശൈലി എപ്രകാരം മാറ്റണമെന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കുന്ന സമിതി തന്നെയായിരിക്കും ഈ വിഷയവും പരിശോധിക്കാൻ സാധ്യത.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലുള്ള കിഫ്ബിയുടെ നിലവിലെ ധനസമാഹരണ രീതിയോട് യുഡിഎഫ് സർക്കാരിന് യോജിപ്പില്ല. കിഫ്ബി എടുത്ത കടം സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻപ് കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. ഈ സാഹചര്യം ഒഴിവാക്കാൻ, ഇനിമുതൽ വരുമാനം ഉറപ്പുനൽകുന്ന പദ്ധതികൾ മാത്രം നടപ്പാക്കുക എന്ന നയത്തിലേക്കാവും സർക്കാർ മാറുക. കഴിഞ്ഞ ദിവസം കിഫ്ബി ബോർഡ് യോഗം ചേർന്നിരുന്നെങ്കിലും പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ല. അടുത്ത 5 വർഷത്തിനുള്ളിൽ 16,600 കോടി രൂപയാണ് കിഫ്ബി കടം തിരിച്ചടയ്ക്കാനുള്ളത് എന്നതും വലിയ പ്രതിസന്ധിയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ട് വൻതോതിൽ പരസ്യങ്ങൾക്കായി ഉപയോഗിച്ചതിനെതിരെ യുഡിഎഫ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപുറമേ, കിഫ്ബി ജീവനക്കാർക്ക് വൻ തുക അലവൻസായി നൽകുന്നുണ്ടെന്നാണ് നിലവിലെ സർക്കാരിന്റെ വിലയിരുത്തൽ. ധനസ്ഥിതി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ഈ അലവൻസുകൾ വെട്ടിക്കുറയ്ക്കാനും വരും ദിവസങ്ങളിൽ സാധ്യതയുണ്ട്. വരാനിരിക്കുന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ ഈ പരിഷ്കാരങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.
