തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ ഫേസ്ബുക്കിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന് വിരമിക്കൽ ദിനത്തിൽ ആശ്വാസം. സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി നൽകിയ നിർദേശം ഒറ്റ ദിവസം കൊണ്ട് നടപ്പിലായതോടെയാണ് ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിന് ആശ്വാസകരമായ വിരമിക്കൽ സാധ്യമായത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് തന്നെ സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് എസ്. ജവാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ നേരിട്ട് യാതൊരുവിധ പരാതിയും നൽകിയിരുന്നില്ല. പുറത്തുനിന്നുള്ള മറ്റൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രിൻസിപ്പലിനെതിരെ വകുപ്പ് തലത്തിൽ നടപടിയെടുത്തത്. സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അധ്യാപകനെതിരെ ഉണ്ടായ ഈ അച്ചടക്ക നടപടി പൂർണ്ണമായും മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇപ്പോൾ പിൻവലിക്കുന്നതെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
