കേരള പൊലീസിൽ വൻ അഴിച്ചുപണി: പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവിറക്കി. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. മുൻപ് ഇടത് സർക്കാർ മാറ്റിനിർത്തിയിരുന്ന ചില ഉദ്യോഗസ്ഥർക്ക് ഈ പുനഃസംഘടനയിലൂടെ നിർണായക പദവികൾ ലഭിച്ചു എന്നതാണ് ഈ അഴിച്ചുപണിയുടെ പ്രധാന സവിശേഷത.​

ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി. വിജയനെ നിയമിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇന്റലിജന്റ്സ് വിഭാഗം മേധാവിയായിരുന്ന അദ്ദേഹത്തിന് സൈബർ സെല്ലിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ജയിൽ എഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയനിലേക്കും, പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ചുമതലയിലുണ്ടായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ ജയിൽ എഡിജിപി ആയും മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ പൂർണ ചുമതല എച്ച്. വെങ്കിടേഷിന് നൽകിയപ്പോൾ, സായുധ പൊലീസ് ബറ്റാലിയനിൽ നിന്നുള്ള ദിനേന്ദ്ര കശ്യപാണ് പുതിയ ഇന്റലിജൻസ് എഡിജിപി.​

ഹർഷിത അത്തല്ലൂരിയെ ഹെഡ്ക്വാർട്ടേഴ്സ് ഐജിയായും, ആർ. നിശാന്തിനിയെ ഇന്റലിജന്റ്സ് വിഭാഗം ഐജിയായും നിയമിച്ചു. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പോസ്റ്റിലേക്ക് എസ്. ശ്യാംസുന്ദറിനെ ഐജി ആയി നിയമിച്ചപ്പോൾ, ഐപിഎസ് ലഭിച്ച് വർഷങ്ങൾക്ക് ശേഷം ഷൗക്കത്തലിക്കും ഷാജി സുഗണനും ക്രമസമാധാന ചുമതല ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. ഇതിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഷൗക്കത്തലി.

​ഡിഐജി, കമ്മീഷണർ തലങ്ങളിലും വ്യാപകമായ മാറ്റങ്ങളുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി ആയിരുന്ന യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജി ആയും, എറണാകുളം റേഞ്ച് ഡിഐജി ആയിരുന്ന ഡോ. അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് കാർത്തിക്കിനെ തൃശൂർ റേഞ്ച് ഡിഐജി ആക്കി മാറ്റി. തൃശൂർ റേഞ്ച് ഡിഐജി ആയിരുന്ന നാരായണൻ ടി. ആണ് പുതിയ കണ്ണൂർ റേഞ്ച് ഡിഐജി.