കൊച്ചി: എറണാകുളം തേവര പാലത്തിൽ നിയന്ത്രണം വിട്ട ലോറി അപകടത്തിൽപെട്ടു. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് വെല്ലിംഗ്ടൺ ഐലൻഡിലേക്ക് പോകുന്ന വഴിയിലുള്ള പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈവരികൾ പൂർണ്ണമായും തകർത്ത ലോറിയുടെ മുൻഭാഗം കായലിലേക്ക് തൂങ്ങിനിൽക്കുന്ന അതീവ അപകടകരമായ അവസ്ഥയിലാണിപ്പോഴുള്ളത്.
അപകടം നടക്കുന്ന സമയത്ത് ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനം കൈവരി തകർത്ത് താഴേക്ക് പതിക്കുന്നതിന് തൊട്ടുമുൻപ് ഇയാൾ അത്ഭുതകരമായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ അപകടത്തെ തുടർന്ന് തേവര പാലത്തിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനം മാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
