നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകം: ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ഗുരുതര വീഴ്ച, അമ്മൂമ്മ വിളിച്ച ഓഡിയോ പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതരമായ വീഴ്ച വെളിപ്പെടുത്തുന്ന പുതിയ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കുഞ്ഞിന്റെ അമ്മൂമ്മ റീന ഹെൽപ്പ്‌ലൈനിൽ വിളിച്ച് വിവരം ധരിപ്പിക്കുന്ന ഫോൺ ശബ്ദസന്ദേശം പ്രമുഖ വാർത്താ വെബ്സൈറ്റായ ‘ദ് ന്യൂസ് മിനിറ്റ്’ പുറത്തുവിട്ടു. കഴിഞ്ഞ മെയ് മൂന്നിനാണ് റീന ഹെൽപ്‌ലൈനിലേക്ക് വിളിച്ച് സഹായം തേടിയത്. എന്നാൽ, ഈ പരാതി ലഭിച്ച് 26-ാം ദിവസം കുഞ്ഞ് ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു.

​കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെയാണ് നിസ്സഹായാവസ്ഥ വിവരിച്ചുകൊണ്ട് അമ്മൂമ്മ ഹെൽപ്പ്‌ലൈനെ സമീപിച്ചത്. എന്നാൽ, ഈ പരാതിയിൽ കൃത്യമായ നടപടിയെടുക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറായില്ല. ഇത് മറ്റെന്തോ ആഭ്യന്തര പ്രശ്നങ്ങളാണെന്ന രീതിയിലുള്ള മറുപടിയാണ് ഹെൽപ്‌ലൈനിൽ നിന്നും ലഭിച്ചത്. പരാതിയിൽ യാതൊരുവിധ തുടർനടപടികളും സ്വീകരിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് ഒടുവിൽ കുഞ്ഞിന്റെ ദാരുണ മരണത്തിൽ കലാശിച്ചത്.​

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച നെടുമങ്ങാട്ടെ ഈ കൊലപാതകത്തിൽ, കുഞ്ഞ് നേരിട്ടത് അതിക്രൂരമായ മർദ്ദനമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. മാസങ്ങളോളം കുഞ്ഞ് നേരിട്ട അതിക്രൂരമായ മർദ്ദനവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടർമാർ പൊലീസിന് നൽകിയ വിവരം. കുഞ്ഞിന്റെ അമ്മ അഖില, ഇവരുടെ പങ്കാളി അഷ്ക്കർ എന്നിവരാണ് കേസിലെ പ്രതികൾ. അഷ്കർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.