കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം

ജയിപ്പൂർ: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം. ജയ്പൂരിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെയാണ് ചിലർ ചേർന്ന് അദ്ദേഹത്തെ മർദിച്ചത്. എന്നാൽ, തന്നെ ആക്രമിച്ചത് ഭീരുക്കളാണെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങാതെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. ആക്രമണത്തിന് ശേഷമുള്ള തന്റെ പ്രതികരണം അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്.​

അതേസമയം, നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബെംഗളൂരു ഫ്രീഡം പാർക്കിൽ കനത്ത മഴയെപ്പോലും അവഗണിച്ച് പാർട്ടി വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഈ സമരത്തിൽ പങ്കാളികളായത്.​

ബെംഗളൂരുവിലെ പ്രതിഷേധത്തിന് മുന്നോടിയായി സി.ജെ.പി പ്രവർത്തകർ കന്നട ചലച്ചിത്ര ഇതിഹാസം പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരത്തിൽ എത്തി പുഷ്പാർച്ചന നടത്തിയിരുന്നു. അതിനുശേഷമാണ് അവർ ഫ്രീഡം പാർക്കിലേക്ക് എത്തിയത്. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ, പ്രശസ്ത നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്, സിനിമാ താരം കിരൺ ശ്രീനിവാസ് തുടങ്ങിയ പ്രമുഖരും ഈ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു. ഡൽഹി ജന്തർ മന്തറിൽ നടത്തിയ വിജയകരമായ സമരത്തിന് ശേഷമാണ് സി.ജെ.പി ബെംഗളൂരുവിലും ഇത്തരമൊരു പ്രതിഷേധം ഒരുക്കിയത്.