തിരുവനന്തപുരം: യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ഉറപ്പുനൽകുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ പ്രാദേശികതല ഉദ്ഘാടനം പോത്തൻകോട് ബസ് ടെർമിനലിൽ വെച്ച് നടന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു പോത്തൻകോട്ടും ആഘോഷപൂർവ്വം ചടങ്ങുകൾ സംഘടിപ്പിച്ചത്. അണ്ടൂർക്കോണം – കഴക്കൂട്ടം – മെഡിക്കൽ കോളേജ് വഴി തമ്പാനൂരിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പോത്തൻകോട് മാർക്കറ്റിലെ ജീവനക്കാരി ശ്രീമതി കുമാരി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീമതി സബീനക്ക് ഫ്ലാഗ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ടൗൺ വാർഡ് മെമ്പറുമായ സാജൻ ലാലിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പുതിയ പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിൽ യു.ഡി.എഫ് പ്രവർത്തകർ പ്രദേശത്ത് വ്യാപകമായി മധുരവിതരണം നടത്തുകയും ചെയ്തു.
ചടങ്ങിൽ പ്രമുഖ യു.ഡി.എഫ് നേതാക്കളായ സലാഹുദ്ദീൻ, ഷിബി, അഡ്വ. അനസ്, യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽ കൃഷ്ണ, ബിജു, ജോഷ് കുമാർ, മുസ്ലിം ലീഗ് നേതാവ് റാഫി പോത്തൻകോട്, ജെ.എസ്.എസ് നേതാവ് വാവറ അമ്പലം അജി, സുധ, പ്രേമകുമാരി, നന്ദിനി, ജയകുമാരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ ചന്ദ്രൻ, ഷജീർ ഖാൻ, ഷാജി കൊയ്ത്തൂർക്കോണം, INTUC നേതാവ് ബൈജു, വാഹിദ്, പോത്തൻകോട് അയ്യപ്പൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
