കണ്ണൂർ: വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 2006-ലും 2015-ലും അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് നിലവിൽ കല്ലറയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി മരിച്ചവരുടെ ബന്ധുക്കളെ പോലീസ് ഉടൻ വിളിച്ചുവരുത്തും.
അന്വേഷണത്തിൽ 38-ാം നമ്പർ കല്ലറയിൽ 2006-ൽ റോസമ്മ, 2015-ൽ ജയ്സൺ എന്നിവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇപ്പോൾ കല്ലറയിൽ നിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക് പായ റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം വെച്ചിരുന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംസ്കാര സമയത്തെ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇതിനുള്ള തെളിവുകൾ ലഭിച്ചതായാണ് സൂചന.
എന്നാൽ, ആദ്യത്തെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാതെ എങ്ങനെയാണ് രണ്ടാമത്തെ മൃതദേഹം അവിടെ അടക്കം ചെയ്തത് എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഈ സാഹചര്യത്തിൽ, സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി പള്ളി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.
