കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ കടുത്ത തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കും പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള മുഴുവൻ കമ്മിറ്റി അംഗങ്ങളുമാണ് രാജി സമർപ്പിച്ചത്. ഭരണസമിതി ഒഴിഞ്ഞതിനെത്തുടർന്ന് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉടൻ തന്നെ ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. പുതിയ കമ്മിറ്റിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും.
ഇന്ന് രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലിയാണ് വലിയ തർക്കങ്ങൾ ഉടലെടുത്തത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖ താരങ്ങൾ റിപ്പോർട്ട് പാസാക്കുന്നതിനെതിരെ രംഗത്തുവന്നു. കണക്കുകളിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതൽ കലുഷിതമായി. തർക്കം പരിഹരിക്കാനും വിഷയത്തെക്കുറിച്ച് പഠിക്കാനുമായി 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു.
ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശ്വേത മേനോൻ വൈകാരികമായി രാജി പ്രഖ്യാപിച്ചത്. യോഗത്തിനിടെ സ്റ്റേജിൽ കയറിയ ശ്വേത, തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാൽ തന്നെ ബിജെപിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ അനുനയിപ്പിച്ചു തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെക്കാൻ തീരുമാനിച്ചത്.
