കോതമംഗലം: കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിനുള്ളിൽ കുഞ്ഞമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കുത്തേറ്റാണ് കുഞ്ഞമ്മ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ കുര്യാക്കോസ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മകൻ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയും അയൽവാസികൾ പൊലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു.
കുര്യാക്കോസ് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നുവെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
