തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ പതിനൊന്ന് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് തുടക്കമാകും. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെയാണ് ആദ്യ ദിവസം കോടതി വിസ്തരിക്കുക.
വി. ശിവൻകുട്ടി, ഇ. പി. ജയരാജൻ, കെ. ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ എന്നിവരാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതികൾ.
2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നിയമസഭയിൽ നടന്നത്. അന്നത്തെ ധനമന്ത്രി കെ. എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുകയും സഭയ്ക്കുള്ളിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ചെന്നാണ് പൊലീസ് കേസ്.
സ്പീക്കറുടെ വേദിയിൽ അതിക്രമിച്ച് കയറി കസേരകൾ, കമ്പ്യൂട്ടറുകൾ, മൈക്രോഫോൺ, ഇലക്ട്രോണിക് പാനലുകൾ തുടങ്ങിയവ തകർത്തതിലൂടെ 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസിലെ ആരോപണം. പൊതുമുതൽ നശീകരണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് പിൻവലിക്കുന്നതിനായി സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹർജികൾ അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് 2021 ജൂലൈയിൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും സുപ്രീം കോടതി തള്ളിയിരുന്നു.
കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണം ക്രൈംബ്രാഞ്ച് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പുതിയ വിവരങ്ങൾ കണ്ടെത്താനായില്ലെന്നാണ് അന്വേഷണത്തിലെ നിലപാട്. അതിനാൽ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി വിചാരണ നടപടികൾ മുന്നോട്ടുപോകുക.
