ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 200 രൂപയിലധികം കുറവ് വരുത്തി കേന്ദ്രസർക്കാർ. വിലക്കുറവ് നിലവിൽ വന്നതോടെ ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഡൽഹിയിലെ പുതിയ നിരക്ക് 2,728 രൂപയും കൊൽക്കത്തയിലേത് 2,872 രൂപയുമായി മാറിയിട്ടുണ്ട്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്; കഴിഞ്ഞ മാസവും 19 കിലോയുടെ സിലിണ്ടറുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഈ തീരുമാനം പുറത്തുവന്നത്. നിലവിലെ ഈ ആശ്വാസകരമായ വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ തുണയാകും.
