കണ്ണൂര്: ജില്ലാ പഞ്ചായത്തിൽ പി. പി. ദിവ്യ പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ടെൻഡർ നടപടികൾ പാലിക്കാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്ന ആരോപണത്തിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഈ കമ്പനി പി. പി. ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്ന് കാട്ടി കെ. എസ്. യു. ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഴിമതി നിരോധന നിയമത്തിലെ 17(A) വകുപ്പ് പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകി.
ഇതോടൊപ്പം പി. പി. ദിവ്യ, ഭർത്താവ് എന്നിവരുടെ സ്വത്തുക്കളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തുന്നതാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പരാതിയിൽ അന്വേഷണത്തിന് അനുമതി ലഭിച്ചിരുന്നില്ല.
