മുത്തച്ഛന്റെ സ്വത്ത് ഭാഗംവെച്ച് പിതാവിന് ലഭിച്ചാൽ, ആ വിഹിതം പിതാവിന്റെ വ്യക്തിഗത സ്വത്തായി കണക്കാക്കുമെന്നും അതിൽ മകന് ജന്മാവകാശം ഉന്നയിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ്, ജസ്റ്റിസ് സുനിത അഗർവാൾ എന്നിവരടങ്ങിയ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.മുത്തച്ഛനായ എൻ. രാമകൃഷ്ണന്റെ കൂട്ടുകുടുംബ സ്വത്തിൽനിന്ന് പിതാവായ എം. കുമരന് ഭാഗംവെപ്പിലൂടെ ലഭിച്ച ഭൂമിയിൽ പകുതി അവകാശവും കൈവശാവകാശവും ആവശ്യപ്പെട്ട് മകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. 1993-ൽ ഹർജിക്കാരന്റെ പിതൃസഹോദരി നൽകിയ ഭാഗംവെയ്പ്പ് കേസ് 1994-ൽ ഒത്തുതീർപ്പായതിനെത്തുടർന്ന് തർക്കഭൂമി പിതാവിന് ലഭിച്ചിരുന്നു. പിന്നീട് 1997-ൽ അദ്ദേഹം ഈ ഭൂമി വിൽക്കുകയും ചെയ്തു.ഭൂമിയിൽ തനിക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മകൻ മൈനറായിരിക്കെ മാതാവ് ജെ. ഗോമതിയെ സ്വാഭാവിക രക്ഷാധികാരിയാക്കി സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ചെന്നൈ സിറ്റി സിവിൽ കോടതി ഹർജിക്കാരന് അനുകൂലമായി പ്രാഥമിക വിധി പുറപ്പെടുവിച്ച് സ്വത്ത് വിഭജിക്കാൻ ഉത്തരവിട്ടു. എന്നാൽ ഭൂമി വാങ്ങിയവർ നൽകിയ അപ്പീലിൽ ഫസ്റ്റ് അപ്പലേറ്റ് കോടതി ഈ വിധി റദ്ദാക്കി.ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം പിതാവിന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ സമ്പൂർണ വ്യക്തിഗത സ്വത്താണെന്നും മകന് അതിൽ ജന്മാവകാശം അവകാശപ്പെടാനാകില്ലെന്നും അപ്പീൽ കോടതി നിരീക്ഷിച്ചു. തുടർന്ന് ഹർജിക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതിയുടെ നിലപാട് ഹൈക്കോടതിയും ശരിവെച്ചു.ഇതിനെതിരെയാണ് മകൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ ഭാഗംവെപ്പിലൂടെ പിതാവിന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തായി മാറുമെന്ന മുൻ നിലപാട് ശരിവെച്ച സുപ്രീം കോടതി, ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ഇതോടെ അപ്പീൽ തള്ളിയ കോടതി, ഹർജിക്കാരനിൽ നിന്ന് കോടതി ചെലവുകൾ ഈടാക്കാതെയാണ് കേസ് അവസാനിപ്പിച്ചത്.
മുത്തച്ഛന്റെ സ്വത്ത് ഭാഗംവെച്ചാൽ പേരക്കുട്ടിക്ക് ജന്മാവകാശമില്ല; സുപ്രീം കോടതിയുടെ നിർണായക വിധി
