കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പോലീസ് കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കണ്ണൂരിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകും. കൂടാതെ, അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ വളപട്ടണം പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത്. കണ്ണൂർ തളിപ്പറമ്പിലെ അപ്പാർട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ, ഒളിത്താവളം പോലീസ് മനസ്സിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തിയ കാറിലാണ് ഇയാൾ കണ്ണൂർ ടൗണിലെത്തിയത്. എന്നാൽ ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് അറസ്റ്റിൽ നിർണായകമായത്. പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.
അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) വകുപ്പ് ചുമത്താനാണ് പോലീസിന്റെ നീക്കം. 23 കേസുകളിൽ പ്രതിയായ ഇയാൾ കൊടും ക്രിമിനലാണെന്ന് പോലീസ് റിപ്പോർട്ട് നൽകും. ഇയാൾക്കെതിരെ രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. 2014 മുതൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇയാൾക്കെതിരെ മുൻപും കുറ്റപത്രം നൽകിയിരുന്നു. വളപ്പട്ടണം പോലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകളുള്ള അർജുനെതിരെ ഉടൻ കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും.
