തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. വാളകത്തെ വീട്ടിൽ മന്ത്രിയെ അത്യന്തം മോശമായ സാഹചര്യത്തിലാണ് കണ്ടതെന്നും ഇതിന് വ്യക്തമായ തെളിവുകളും ഫോട്ടോകളും തന്റെ പക്കലുണ്ടെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ബിജെപി കൗൺസിലറും തന്റെ ബന്ധുവുമായ ശ്രീലേഖയുടെ നിർദേശപ്രകാരമാണ് അന്ന് പോലീസ് സഹായം തേടിയതെന്നും, എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കൈയൊഴിയുകയാണ് ഉണ്ടായതെന്നും ബിന്ദു മേനോൻ പറഞ്ഞു.
സംഭവം നടന്ന ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തന്നെ തടയുകയും കൈവശമുണ്ടായിരുന്ന ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ സഹായിയായ ശാന്തൻ എന്ന വ്യക്തിയാണ് കാറിൽ കയറ്റിവിട്ടത്. മന്ത്രിക്ക് തെറ്റ് പറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് സ്റ്റാഫുകൾ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതിനാലാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും, ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മകളോട് സംസാരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നിലവിൽ നിയമനടപടികൾക്ക് താല്പര്യമില്ലെന്നും ബിന്ദു മേനോൻ കൂട്ടിച്ചേർത്തു.
