നയതന്ത്ര ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിലേക്ക്

ദില്ലി: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ കൂട്ടുറപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി സീഷെൽസിലേക്ക് പുറപ്പെടും. രാവിലെ 9 മണിക്ക് ദില്ലിയിൽ നിന്ന് യാത്ര തിരിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.15 ഓടെ സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.​

വിമാനത്താവളത്തിൽ എത്തിയതിനു ശേഷം സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ടുകൊണ്ടായിരിക്കും പ്രധാനമന്ത്രി തന്റെ സന്ദർശന പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് വൈകുന്നേരം സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലും അദ്ദേഹം പങ്കുചേരും.​

സന്ദർശനത്തിന്റെ ആദ്യദിനമായ ഇന്ന് രാത്രിയിൽ, സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതായിരിക്കും.