ഓപ്പറേഷൻ തൂഫാൻ ശക്തമാക്കാൻ കേരളം; അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി. ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളെ വേരോടെ പിഴുതെറിയുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.​

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയമനടപടികൾ കർശനമാക്കുക, മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുക, അവരുടെ അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുക തുടങ്ങിയ ശക്തമായ നടപടികളാണ് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കേരളത്തിൽ നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. നിരവധി അന്തർസംസ്ഥാന-അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരെ ഇതിനോടകം തന്നെ കേരള പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.​

മയക്കുമരുന്ന് മാഫിയകളുടെ ശൃംഖലകൾ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സാഹചര്യത്തിൽ, അവയെ ഫലപ്രദമായി പ്രതിരോധിക്കാൻ അയൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപനം അനിവാര്യമാണ്. കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവടങ്ങളിലെ അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർത്ഥി ശൃംഖലകൾ, നഗരങ്ങളിലെ വിതരണ കേന്ദ്രങ്ങൾ എന്നിവ മയക്കുമരുന്ന് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള പ്രധാന മേഖലകളാണ്.​

ഇത്തരം ക്രിമിനൽ സംഘങ്ങളെ കാര്യക്ഷമമായി നേരിടുന്നതിന് തത്സമയ വിവര കൈമാറ്റം, സംയുക്ത ഓപ്പറേഷനുകൾ, കൃത്യമായ ആസൂത്രണം എന്നിവ ആവശ്യമാണ്. അതിനാൽ കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും, അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ ഒരു സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.