ഭർത്താവിന്റെ ക്രൂരമർദനം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരി ജീവനൊടുക്കി

തിരുവനന്തപുരം ആറ്റുകാലിൽ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്ന 27-കാരി ആരതി തൂങ്ങിമരിച്ച സംഭവം ഭർത്താവിന്റെ ക്രൂരമായ പീഡനം കാരണമാണെന്ന് കുടുംബം ആരോപിക്കുന്നു. വർക്കല സ്വദേശിനിയായ ആരതിയെ ഭർത്താവ് അതുൽ ക്രൂരമായി മർദിച്ച വിവരം യുവതി സ്വന്തം അമ്മയെ ഫോണിൽ വിളിച്ചറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ. അതുലിന്റെ മർദനമേറ്റ് ശരീരത്തിൽ മുറിവുകളുണ്ടായതിന്റെ ചിത്രങ്ങൾ മരണത്തിന് മുൻപ് ആരതി അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.​

വർക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമേ ആയിരുന്നുള്ളൂ. ആറുമാസം മുൻപാണ് ഇവർ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ പല കാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ആരതിയുടെ അമ്പത് പവനോളം സ്വർണം അതുൽ പണയം വെച്ചിരുന്നു. പണത്തിനും സ്വർണത്തിനും വേണ്ടിയുള്ള ഉപദ്രവങ്ങൾക്ക് പുറമെ, അതുലിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ആരതിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.​

കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാവുകയും, ഇതിന് പിന്നാലെ ആരതി മുറിയിൽ കയറി വാതിലടയ്ക്കുകയുമായിരുന്നു. ആരതി ജീവനൊടുക്കിയെന്ന് മനസ്സിലാക്കിയ അതുൽ, സ്വന്തം സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് മുറിയുടെ വാതിൽ തുറന്നത്. മരണപ്പെട്ട മുറിയിൽ നിന്നും ആരതിയുടെ ആത്മഹത്യാക്കുറിപ്പുകളും ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുടുംബം നൽകിയ പരാതിയും ലഭ്യമായ തെളിവുകളും വിശദമായി പരിശോധിച്ച് വരികയാണെന്നും, ഉടൻ തന്നെ തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.