കൊച്ചി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ മമ്മൂട്ടി മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാൽ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാവുക എന്നത് അത്ര എളുപ്പമല്ലെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. വി.ഡി. സതീശന്റെ ഈ നേട്ടത്തിൽ കൊച്ചിക്കാരോടും മലയാളികളോടും ഒപ്പം താനും സന്തോഷിക്കുന്നുവെന്ന് വ്യക്തമാക്കിയ കുഞ്ചാക്കോ ബോബൻ, ജനങ്ങൾക്ക് വേണ്ടിയുള്ള മികച്ച ഭരണമാകട്ടെ ഇതെന്നും ആശംസിച്ചു. ഈ വിജയം സമ്മാനിച്ച എല്ലാവർക്കും നന്ദി അറിയിച്ച രമേശ് പിഷാരടി എം.എൽ.എ, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും അഭിപ്രായം രേഖപ്പെടുത്തി തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് ഓർമ്മിപ്പിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണിതെന്ന് സ്വീകരണത്തിന് മറുപടി പ്രസംഗം നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അധികാരത്തിന്റെ പത്രാസിൽ വീണുപോകരുതെന്ന് തനിക്കറിയാമെന്നും ഈ പദവി ഒരു ദൈവീക നിയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്. എന്നാൽ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഒരു ടീമായി വേണം മുന്നോട്ട് പോകാനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ടാണ് താൻ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്ത് സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം ഉറപ്പാക്കും. വെറും ബഹുനില കെട്ടിടങ്ങൾ വരുന്നത് മാത്രമല്ല വികസനം, ജനങ്ങളുടെ ജീവിതനിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം എക്കാലത്തും മതനിരപേക്ഷമായി (സെക്കുലർ) നിലനിൽക്കണമെന്ന കാര്യത്തിൽ തനിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഇവിടെ ആരും വർഗീയത പറയരുത്. കൊച്ചി നഗരം രാജ്യത്തിന് തന്നെ മാതൃകയായ രീതിയിലേക്ക് മാറണം. അതോടൊപ്പം, സിനിമ രംഗത്ത് പുതിയ മാറ്റങ്ങളോടെ ഈ സർക്കാർ വ്യക്തമായ ഒരു കയ്യൊപ്പ് പതിപ്പിക്കുമെന്നും മുഖ്യമന്ത്രി പൗരാവലിക്ക് ഉറപ്പുനൽകി.
