ദില്ലി: സി ബി എസ് ഇ പരീക്ഷാ പുനർമൂല്യനിർണ്ണയത്തിനുള്ള (Revaluation) അപേക്ഷകൾ സ്വീകരിക്കുന്ന തീയതികളിൽ മാറ്റം വരുത്തി. പുതുക്കിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ മാത്രമേ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ഈ മാസം 26 മുതൽ 29 വരെയുള്ള തീയതികളിൽ അപേക്ഷിക്കാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തീയതി നീട്ടി നിശ്ചയിക്കാൻ നിർബന്ധിതരായതെന്ന് സി ബി എസ് ഇ അധികൃതർ വ്യക്തമാക്കി. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ് ജൂൺ ഒന്നു മുതൽ പൂർണ്ണ സജ്ജമാകുമെന്നും അവർ അറിയിച്ചു.
അതേസമയം, പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയ കോംപ്റ്റ് (COEMPT) കമ്പനിക്കെതിരെ കടുത്ത നടപടിയുമായി സി ബി എസ് ഇ രംഗത്തെത്തിയിട്ടുണ്ട്. ഓൺലൈൻ സ്‌ക്രീൻ മാർക്കിംഗ് (OSM) സംവിധാനം നടപ്പാക്കുന്നതിൽ കമ്പനി വരുത്തിയ പരാജയത്തെ തുടർന്നാണ് ഇവർക്ക് പിഴ ചുമത്താൻ തീരുമാനിച്ചത്. പരീക്ഷാ മൂല്യനിർണ്ണയത്തിൽ വന്ന പിഴവുകൾ കേന്ദ്രമന്ത്രി തന്നെ പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ, തങ്ങൾക്ക് അർഹമായ ഗ്രേസ് മാർക്ക് നൽകണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധം ശക്തമാക്കുകയാണ്.
ഈ വിവാദങ്ങൾക്കിടയിലും, പരാജയപ്പെട്ട OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിലുള്ള റീലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് സി ബി എസ് ഇ അധികൃതർ ഔദ്യോഗിക നിർദ്ദേശം നൽകിയതായി ആക്ഷേപമുണ്ട്. പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ മറച്ചുവെക്കാൻ ഇത്തരം പ്രൊപ്പഗണ്ട വീഡിയോകൾ നിർബന്ധമാക്കുന്ന സി ബി എസ് ഇ നിലപാടിനെതിരെ അധ്യാപക സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്.
