എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15-ന്; പ്ലസ് ടു ഫലം മെയ് 22-ന് പുറത്തുവരും

തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലങ്ങൾ മെയ് 22-നും, പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-നും പുറത്തുവരും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ, പുതിയ സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ആദ്യം മെയ് ആദ്യവാരം ഫലം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗൾഫ് മേഖലയിലെ ചില പ്രതിസന്ധികൾ കാരണം സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു.​

ഇത്തവണ സംസ്ഥാനത്തൊട്ടാകെ 4,17,497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം കൃത്യസമയത്ത് ലഭ്യമാക്കുന്നതിനായി ഏപ്രിൽ 16 മുതൽ തന്നെ 72 ക്യാമ്പുകളിലായി മൂല്യനിർണയ നടപടികൾ ആരംഭിച്ചിരുന്നു. നിലവിൽ മൂല്യനിർണയ പ്രക്രിയ അവസാന ഘട്ടത്തിലാണ്.​

അതേസമയം, പരീക്ഷാ മൂല്യനിർണയ ചുമതലയിൽ നിന്ന് വിട്ടുനിന്ന അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. രണ്ടായിരത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുത്തിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം വീഴ്ചകൾ ഗൗരവമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.