ഇ ഡി ആക്രമണക്കേസ്: പ്രതിക്കായി വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സർക്കാർ

തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീലിൽ ഇവരെ എതിർകക്ഷിയാക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച അപ്പീൽ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.​

കേസിലെ ഒൻപതാം പ്രതിയായ ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന പൊലീസിന്റെ റിപ്പോർട്ടിന് തികച്ചും വിരുദ്ധമായ നിലപാടാണ് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. സ്വന്തം പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നത് അപൂർവമായ നടപടിയാണ്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഇ ഡി ആക്രമണക്കേസ് കൈകാര്യം ചെയ്യാൻ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നാളെ സെഷൻസ് കോടതിയിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറാകും ഹാജരാകുക. ഗീനാകുമാരിയെ മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും. കൊച്ചിയിൽ ഡിജിപി ആസഫലിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.