കൊച്ചി: കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (FEMA) കേസ് രജിസ്റ്റർ ചെയ്തു. വിദേശത്തേക്ക് ഏകദേശം 126 കോടി രൂപ അയച്ചുവെന്ന വെളിപ്പെടുത്തലാണ് അന്വേഷണത്തിന് പ്രധാന കാരണം.
അർജന്റീന ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ ഇ.ഡി. സ്പോൺസർക്കെതിരെ പരിശോധനകൾ ആരംഭിച്ചിരുന്നു. എന്നാൽ മറ്റ് അന്വേഷണ ഏജൻസികൾ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തതിനാൽ അന്വേഷണം അന്ന് മുന്നോട്ടുപോയിരുന്നില്ല. വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇ.ഡിക്ക് നേരിട്ട് നടപടി സ്വീകരിക്കാൻ കഴിയുന്നതിനാലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷന് കൈമാറുന്നതിനായി സ്പോൺസർ വിദേശത്തേക്ക് പണം അയച്ചതായും അർജന്റീന ഫുട്ബോൾ അസോസിയേഷൻ അത് സ്വീകരിച്ചതായും പറയുന്ന ഇടപാടുകളുടെ രേഖകൾ സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നാണ് കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്കിടെ സ്പോൺസർക്കെതിരെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇ.ഡി. അന്വേഷണം ഉണ്ടായാൽ അത് സർക്കാരിനെതിരായ നീക്കമായി മാറാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഈ റിപ്പോർട്ട് ലഭിച്ച ശേഷവും അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ഉന്നതതല യോഗം ചേർന്നതായും റിപ്പോർട്ടിലുണ്ട്.
വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട 19 കേസുകളുടെ വിവരങ്ങൾ സ്പോൺസർക്കെതിരെ പൊലീസ് സർക്കാരിനെ അറിയിച്ചിരുന്നതായും വാർത്തയിൽ പറയുന്നു. ഫിഫയുടെ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ മെസ്സി കേരളത്തിലെത്തുമെന്ന് സ്പോൺസർ പ്രഖ്യാപിച്ചത് സ്വന്തം പ്രചാരണത്തിനായി നടത്തിയ നീക്കമായിരുന്നോ എന്ന സംശയവും പൊലീസ് റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു.
