ശബരിമലയിൽ തിരുവോണസദ്യ ജീവനക്കാർക്ക് മാത്രം; ഭക്തർക്ക് പുലാവ്, ക്രമീകരണത്തിൽ വീഴ്ച

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇത്തവണത്തെ തിരുവോണസദ്യ സ്പെഷൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമായി ചുരുങ്ങി. അന്നദാന മണ്ഡപത്തിലെ ജീവനക്കാർക്കുള്ള ഭാഗത്താണ് തിരുവോണസദ്യ വിളമ്പിയത്. അതേസമയം ഭക്തർക്കുള്ള ഭാഗത്ത് സദ്യയ്ക്ക് പകരം പുലാവാണ് നൽകിയത്.

ഭക്തർക്കായി തിരുവോണസദ്യ നേരിട്ട് നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വരെ മെസ് നടത്തിപ്പുകാർക്ക് ആവശ്യമായ നിർദേശങ്ങളോ ക്രമീകരണങ്ങളോ നൽകിയില്ലെന്നാണ് വിവരം. ഇതാണ് പതിറ്റാണ്ടുകളായി സന്നിധാനത്ത് തുടരുന്ന തിരുവോണസദ്യ ഇത്തവണ ഭക്തർക്ക് ലഭിക്കാതിരിക്കാൻ കാരണമായത്.

ഒരു ദിവസം മൂന്ന് നേരത്തെ ഭക്ഷണത്തിനായി മെസ് നടത്തിപ്പുകാർക്ക് ദേവസ്വം ബോർഡ് 72 രൂപയാണ് നൽകുന്നത്. സദ്യ നടക്കുന്ന ദിവസങ്ങളിൽ ഇതിന് പുറമെ 50 രൂപ അധികമായും നൽകാറുണ്ട്. എന്നാൽ തിരുവോണസദ്യ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ ലഭിക്കാത്തതിനാൽ സ്പെഷൽ ഡ്യൂട്ടി ജീവനക്കാർക്കും പൊലീസിനും മാത്രമാണ് സദ്യ ഒരുക്കിയത്.

ഏകദേശം 70 വർഷം മുൻപ് ചങ്ങനാശേരി സ്വദേശിയായ പരേതനായ ചെല്ലപ്പനാചാരിയാണ് സന്താന സൗഭാഗ്യത്തിനായുള്ള അയ്യപ്പസ്വാമിക്കുള്ള നേർച്ചയായി ശബരിമലയിൽ തിരുവോണസദ്യ ആരംഭിച്ചത്. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം എല്ലാ മാസവും മാറ്റിവച്ചാണ് അദ്ദേഹം സദ്യ നടത്തിവന്നിരുന്നത്.

അദ്ദേഹത്തിന്റെ മരണശേഷം മകൻ ഡോ. മണികണ്ഠദാസും തുടർന്ന് മകൻ ഡോ. ആതുരദാസും സദ്യയുടെ നടത്തിപ്പ് ഏറ്റെടുത്തു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ സദ്യ നടത്താൻ സാധിച്ചില്ല. അതിനുശേഷം അഞ്ച് വർഷത്തോളം ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു തിരുവോണസദ്യ നടന്നത്. ഉത്രാടദിനത്തിൽ മേൽശാന്തിയും മറ്റൊരു ദിവസം പൊലീസും ഓണസദ്യ ഒരുക്കുന്ന പതിവുമുണ്ടായിരുന്നു.

ഓണസദ്യയ്ക്കുള്ള സ്പോൺസർഷിപ്പും പണപ്പിരിവും ഒഴിവാക്കുന്നതിനായി ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ നടപ്പാക്കലിലെ ക്രമീകരണ വീഴ്ചയാണ് ഇത്തവണ ഭക്തർക്ക് തിരുവോണസദ്യ ലഭിക്കാതിരിക്കാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഓണം പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ നട ഇന്ന് രാത്രി അടയ്ക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ ഇന്നലെ കളഭാഭിഷേകവും പടിപൂജയും നടന്നു. ഇന്നും കളഭാഭിഷേകം നടക്കും. രാത്രി 10 മണിയോടെയാണ് നട അടയ്ക്കുക. വൈകിട്ട് ആറുവരെ പമ്പയിൽനിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കും.