കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടറാണെന്ന് വ്യാജമായി പരിചയപ്പെടുത്തി ലഹരിമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പിടികൂടിയത്. റാമനാട്ടുകരയിലെ വൈദ്യരങ്ങാടിയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
ഡാൻസാഫ് എസ്.ഐ ആണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു ഇയാൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പിടിച്ചെടുക്കുന്ന എംഡിഎംഎ പിന്നീട് മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്.ഐ ആണെന്ന് പറഞ്ഞ് ഒരാൾ യുവാക്കളിൽനിന്ന് പണം തട്ടുന്നതായും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ നിരീക്ഷണത്തിലാണ് റോജിത്തിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഫറോക്ക് പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
അറസ്റ്റിനിടെ ഇയാളുടെ കൈവശത്തുനിന്ന് 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ്‌കഫുകൾ, വ്യാജ പൊലീസ് തിരിച്ചറിയൽ കാർഡുകൾ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൊലീസ് യൂണിഫോം ധരിച്ചുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഇയാൾ നിരവധി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ലഹരിമരുന്ന് കൈവശംവച്ചിരുന്നവരിൽനിന്ന് പണം തട്ടിയതായും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബാങ്ക് ഇടപാടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
