ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയുടെ പരീക്ഷാ രീതി മാറ്റുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. നിലവിൽ പേപ്പറും ഒഎംആർ ഉത്തരക്കടലാസും ഉപയോഗിച്ച് നടത്തുന്ന പരീക്ഷ ഭാവിയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുന്നതിനുള്ള നിർദേശം സജീവമായി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
2027 മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പരീക്ഷാ പരിഷ്കരണങ്ങൾക്കായി രൂപീകരിച്ച ഉന്നതതല വിദഗ്ധ സമിതിയുടെ ശുപാർശകൾ ലഭിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
നീറ്റ് പോലുള്ള രാജ്യവ്യാപക പരീക്ഷയുടെ വലുപ്പവും വിവിധ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഒരേ രീതിയിലുള്ള സൗകര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചാണ് നിലവിലെ പരീക്ഷാ രീതി തുടരുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഘട്ടംഘട്ടമായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറുന്നതും പരിഗണനയിലുണ്ട്.
2026ലെ നീറ്റ് പരീക്ഷ പേപ്പർ-പെൻ രീതിയിലാണ് നടത്തിയത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള പരിഷ്കരണങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.
